Sunday, 23 December 2012

ഒരു ആന്വല്‍ ഡേ-യും എന്റെ കുറെ ഭ്രാന്തന്‍ ചിന്തകളും (23 -12 -2012)


കഴിഞ്ഞ ദിവസം കാപ്പി ഉണ്ടാക്കി കൊണ്ടിരിക്കെ ആയിരുന്നു വിവിധ നൃത്ത രൂപങ്ങളും ജനസമൂഹങ്ങളും മനസ്സില്‍ തിക്കിക്കയറി വന്നത്. തലേ ദിവസത്തെ ആന്വല്‍ ഡേ-യുടെ ക്ഷീണമൊന്നും മനസ്സിനെ ബാധിച്ചില്ല. സത്യത്തില്‍ എന്റെ കുട്ടി പാര്‍വതി അടങ്ങിയ റീറ്റ മാമിന്റെ പഞ്ചാബി ഡാന്‍സ് അതി മനോഹരമായി ചെയ്യാന്‍ ശ്രമിച്ചിട്ടും അവസാനിക്കുന്നിടത്തെ ആശയക്കുഴപ്പമാണ് മുന്നിലിരിക്കുന്ന ഞാന്‍ അടങ്ങുന്ന ആസ്വാദകരിലേക്ക് സംവദിക്കപ്പെട്ടത്‌ എന്നത് എന്നെ സങ്കടപ്പെടുത്തിയിരുന്നു. അങ്ങനെ ആയിരിക്കണം നൃത്തരൂപങ്ങളുടെ മനസ്സിലേക്ക് ഞാന്‍ ഇറങ്ങിച്ചെന്നത്.

ശരിയായ പഞ്ചാബി ഡാന്‍സ് തന്നെ ആയിരുന്നു റീറ്റ മാം സ്റ്റേജില്‍ കയറ്റിയത്, കലര്‍പ്പില്ലാത്ത പഞ്ചാബി ഡാന്‍സ്. പഞ്ചാബിലെ ജനങ്ങളുടെ അധ്വാന ശീലവും ഭക്ഷണക്രമങ്ങളും ആരോഗ്യവും ജീവിതരീതികളും നല്‍കുന്ന ഊര്‍ജം മുഴുവന്‍ പൊലിപ്പിച്ചെടുത്ത മനോഹരമായ നൃത്തരൂപം.

സ്റ്റേജില്‍ ഉള്‍ക്കൊള്ളാവുന്നതിലുമധികം കുട്ടികള്‍ ഉണ്ടായിരുന്നതിനാല്‍ ഫോര്‍മേഷന്‍സിന് വ്യക്തത പോരായിരുന്നു എന്നോര്‍ക്കയായിരുന്നു ഞാന്‍.... പഞ്ചാബിലും ഗുജറാത്തിലുമെല്ലാം നൃത്തം ചെയ്താസ്വദിക്കയാണ് പതിവ് കണ്ടാസ്വദിക്കലല്ല എന്ന് കുഞ്ഞേട്ടന്‍ പറയാറുള്ളത് ഓര്‍ത്തു. ദസറ അല്ലെങ്കില്‍ നവരാത്രി ആഘോഷക്കാലത്ത് വലിയ വലിയ മൈതാനങ്ങളില്‍ തടിച്ചു കൂടുന്ന ജനക്കൂട്ടങ്ങളില്‍ പൂക്കള്‍ പോലെ ഗര്‍ബയുടെ , രാസ് ഗര്‍ബയുടെ ചെറിയ ചെറിയ നൃത്തക്കൂട്ടങ്ങള്‍ ഉണ്ടാവുന്നതും നോക്കി നോക്കിയിരിക്കെ അവ വലുതായി വലിയ വൃത്തങ്ങള്‍ അല്ലെങ്കില്‍ വൃത്ത സമുച്ചയങ്ങള്‍ ആവുന്നതും വല്ലാത്തൊരു കാഴ്ചയത്രേ !!!!!. എന്തും ആഘോഷമാക്കുന്ന ഉത്തരേന്ത്യന്‍ ജീവിതരീതിയും നൃത്ത രൂപങ്ങളും എത്ര പറഞ്ഞാലും മതിയാവില്ല കുഞ്ഞേട്ടന്. ഓര്‍മകളില്‍ നിധി പോലെ ഞാന്‍ കാത്തു സൂക്ഷിക്കുന്ന മൈസൂര്‍ വാസക്കാലത്ത് ക്യാമ്പ് ഫയറില്‍ അവതരിപ്പിക്കപ്പെട്ട ബാംഗ്രയും ഗിദ്ദയും ഇന്നും മനസ്സിലുണ്ട്. പ്രത്യേകിച്ചു റിഹേര്‍സലുകള്‍ ഒന്നും വേണ്ടാത്തത്രയും താളം ശരീരത്തില്‍ ഇഴുകിച്ചേര്‍ന്നവര്‍.. അതു കൊണ്ട് തന്നെ ആയിരിക്കണം റീറ്റ മാമിന് സ്റ്റേജിനെ കുറിച്ച് ഒരു ധാരണയില്ലാതെ പോയിട്ടുണ്ടാവുക.

ചടുലമാര്‍ന്ന ചുവടുകളില്‍, കാല്പാദങ്ങളില്‍, ഭംഗിയാര്‍ന്ന വേഗതയാര്‍ന്ന തിരിയലുകളില്‍ ഭാവങ്ങള്‍ വിരിയിക്കുന്ന നൃത്തം "കഥക്" നോര്‍ത്ത് ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ്.... പാലക്കാട്ട് നടന്ന 1994 -ലെ ജംബൂരിമേളയില്‍ " മീരാ പത്ര" അവതരിപ്പിച്ച കഥക് ഇന്നും ഓര്‍മകളില്‍ സജീവമാണ്. അതിനാല്‍ തന്നെ ആ പേരില്‍ കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സ് നിരാശപ്പെടുത്തി. ഡാന്‍സ് അല്ല നിരാശപ്പെടുത്തിയത് കുട്ടികളുടെ ധാരണയില്ലായ്മയാണ്

സൌത്ത് ഇന്ത്യന്‍ നൃത്തരൂപങ്ങളെല്ലാം കാഴ്ചക്കാരെ സൃഷ്ടിക്കുന്നു. കാഴ്ചക്കാരും നര്‍ത്തകരും . രണ്ടു വിഭാഗങ്ങള്‍ ഉണ്ടവിടെ. ഭരതനാട്യം കുച്ചിപ്പുടി എന്നീ ചടുലമായ നൃത്ത രൂപങ്ങള്‍ കടന്നു എല്ലാ തരത്തിലും സുരക്ഷിതമായ ജീവിതം നയിക്കുന്ന കേരളജനതക്കോ നൃത്തം ലാസ്യപ്രധാനമാകുന്നു. മോഹിനിയാട്ടം, കഥകളി, കൂടിയാട്ടം .. ഇങ്ങനെ ഇങ്ങനെ ലാസ്യപ്രധാനവും ഭാവപ്രധാനവും ആയ നൃത്ത രൂപങ്ങള്‍... ജന സമൂഹവും അതു പോലെ തന്നെ അലസലാസ്യര്‍ . രശ്മിയുടെ കൊറിയോഗ്രാഫിയില്‍ അവതരിപ്പിച്ച ഡാന്‍സ് നന്നായിരുന്നു. എത്ര പേര്‍ ആസ്വദിച്ചു എന്നറിയില്ല.

ആണ്‍കുട്ടികളുടെ പ്രകടനമായിരുന്നു മോശം. "ബ്രേക്ക്‌ ഡാന്‍സ്"( അതിലെ വിഭാഗങ്ങള്‍ ഒന്നും എനിക്കറിയില്ല) എന്ന പേരില്‍ കുറെ തലകുത്തി മറിയലുകള്‍ .. സര്‍ക്കസ്സ് രീതികള്‍ ചില ഡാന്‍സ്-കളില്‍ അവ താളത്തിനൊപ്പം കൂടി ആയിരുന്നില്ല. അമ്മിണി( പാര്‍വതി) യുടെ കൂടെ ഇരുന്നു കണ്ട രണ്ടു ഇംഗ്ലീഷ് സിനിമകളായിരുന്നു അപ്പോള്‍ മനസ്സില്‍......._ ഡാന്‍സ് മുഖ്യ പ്രമേയമായ രണ്ടു സിനിമകള്‍. ആസുര നൃത്ത രൂപം . എങ്കിലും അമ്പരപ്പിക്കുന്ന പ്രകടനം. ശരീരത്തിലെ കോശങ്ങളെ ഓരോന്നിനെയും ഉയര്‍ന്ന ഊര്‍ജ്ജനിലകളിലേക്ക് എത്തിക്കുന്ന ആസുര താളം. ഇവിടെ കാഴ്ചക്കാരും നര്‍ത്തകരും ഉണ്ടെങ്കിലും അവര്‍ക്കിടയില്‍ അതിര്‍വരമ്പുകള്‍ ഇല്ല. കാഴ്ചക്കാര്‍ ഇടയ്ക്കിടയ്ക്ക് നര്‍ത്തകരാവും നര്‍ത്തകര്‍ ഇടയ്ക്കു കാഴ്ച്ചക്കാരാകും.നൃത്തത്തിന്റെതാളം പടര്‍ന്നു പിടിച്ചു ഒരു വന്‍ ജനാവലിയെ ആഘോഷത്തിമര്‍പ്പിന്റെ ആസുരതയിലേക്ക് എത്തിക്കുന്ന അത്ഭുത കാഴ്ചകളുണ്ട്‌ ആ സിനിമകളില്‍.. അമേരിക്കന്‍- _ആഫ്രിക്കന്‍ വംശജരുടെ ഈ നൃത്തം അവരുടെ സ്വഭാവത്തിന്റെ നേര്‍ പതിപ്പ് എന്ന് തോന്നാറുണ്ട് എനിക്ക്. സാഹചര്യങ്ങളോടുള്ള മല്ലിടല്‍, അസ്തിത്വത്തിനു വേണ്ടിയുള്ള പോരാട്ടം, എല്ലാം ശരീരകോശങ്ങളില്‍ നിറയ്ക്കുന്ന അമാനുഷികമായ താപോര്‍ജ്ജം, അതീ ഇളകിയാടലുകളില്‍ ഒഴുകി പരന്നു മാനുഷികമാവുന്നുണ്ടാവും. പ്രകൃതി ശക്തികളുടെ ഉറഞ്ഞാടല്‍ എന്ന് തോന്നും ഇത്തരം ഡാന്‍സ്-കള്‍. കാറ്റിന്റെ ഇരമ്പം, കടലലകളുടെ ആടിയുലയലുകള്‍, ഡ്രമ്മുകളുടെ ഇടിമുഴക്കങ്ങള്‍, എല്ലാ ആസുരതകളെയും ഒഴുക്കിക്കളയുന്ന മഴയുടെ ആര്‍ത്തലച്ചു പെയ്തിറങ്ങല്‍ .. എല്ലാം എല്ലാം കാണാം ഈ താളക്രമങ്ങളില്‍. ..

ഈ ഇളകിയാടലുകളില്‍ ഒഴുകിപ്പരക്കുന്ന താപം ഒരേ താളത്തില്‍ നിബദ്ധമാവുമ്പോള്‍ ഒരു സംവ്രജന ലെന്‍സിലൂടെ കടന്നു പോകുന്ന താപ വികിരണങ്ങളെ പോലെ ഒരേ ബിന്ദുവില്‍ കേന്ദ്രീകരിക്കപ്പെട്ട് പൊട്ടി മുളക്കാവുന്ന ഒരു തീപ്പൊരിയും, അതിനു പിന്നാലെയുള്ള ആളി ക്കത്തലുകളില്‍ അടിഞ്ഞമരുന്ന താളങ്ങളും അവതാളങ്ങളും.... അങ്ങനെ ഒരു സാധ്യതയുടെ പേടിപ്പെടുത്തലുകള്‍ ആണ് ഈ താളങ്ങളിലെ ആസുരത. ( എനിക്ക് ഈ താളങ്ങളുടെ convergence -നെ കുറിച്ചും കോണ്‍ വെക്സ് ലെന്‍സിനെ കുറിച്ചും നൃത്ത താളങ്ങളുടെയും ശരീര കോശങ്ങളുടെയും കെമിസ്ട്രിയെ കുറിച്ചും ക്ലാസ്സെടുക്കാന്‍ തോന്നിപ്പോകുന്നല്ലോ )

നൃത്ത താളങ്ങളിലെ ആസുരതയില്‍ നിന്ന് ഞാനെത്തിയത് മേളങ്ങളിലേക്ക് ആയിരുന്നു. - പഞ്ചാരി, പാണ്ടി പഞ്ചവാദ്യം - മൂന്നും ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. ചിട്ടയായ താള ക്രമങ്ങളുടെ ആരോഹണങ്ങളില്‍ ലഹരി പകര്‍ന്നു ഒരു പ്രത്യേക ഊര്‍ജ്ജ നിലയില്‍ എത്തിച്ച് പിന്നെ പതിയെ തിരിച്ചു നടക്കുന്ന സമ്പ്രദായത്തില്‍ ഉള്ളതാണ് പഞ്ചാരി. പഞ്ചവാദ്യമാകട്ടെ വിവിധ വാദ്യങ്ങളുടെ താളക്രമങ്ങളുടെ ഇമ്പമാര്‍ന്ന ലയവും. പാണ്ടി തികച്ചും ആസുര മേളമാണ്. ചടുലമായ ആരോഹണ അവരോഹണങ്ങളിലൂടെ ജനങ്ങളിലേക്ക് പടര്‍ന്നു കയറുന്ന ആസ്വാദ്യകരമായ ആസുര താളം. പാണ്ടി മേളം അമ്പല മതില്‍ക്കെട്ടിനകത്തു നിഷിദ്ധമെന്നത് ശ്രദ്ധേയമത്രെ !!!! ഈ ആസുര താളത്തിന്റെ ധനാത്മകമായ ഊര്‍ജ്ജം പകര്‍ന്നാടുന്ന സൌന്ദര്യാത്മകതയാണ് തൃശൂര്‍ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളത്തിന്.

അടിത്തട്ടിലെവിടെയോ ആസുരതാളത്തിന്റെ ഋണാത്മകത ഒളിഞ്ഞിരിപ്പുള്ള മനസ്സാണ് ഒത്തു കൂടുന്ന ജനാവലിയില്‍ (mob) എന്ന് തോന്നാറുണ്ട്. ചിലപ്പോഴൊക്കെ ആസുരത ആളിക്കത്താറുമുണ്ട്. പണ്ട് എന്റെ അമ്മാമന്റെ മകന്‍ ദേവന്‍ പറഞ്ഞ അനുഭവ കഥയില്‍-_ മുംബൈ-യിലെ തിരക്കേറിയ ട്രെയിന്‍ യാത്രയ്ക്കിടയില്‍ മുന്നില്‍ നില്‍ക്കുന്ന ആരുടെയോ കയ്യില്‍ നിന്ന് വീണ പേഴ്സ് എടുത്തു കൊടുക്കാന്‍ കുനിഞ്ഞ ദേവന്റെ സുഹൃത്തിന്റെ മേല്‍," മോഷ്ടാവ് " എന്ന ആക്രോശത്തോടെ പെയ്തിറങ്ങിയ ആസുരതാളം _ പേടിപ്പെടുത്തുന്ന ഋണാത്മകതയുണ്ട് അതിന്

ഇലഞ്ഞിത്തറ മേളം പോലെ ധനാത്മകമായ ഊര്‍ജ്ജം പേറുന്ന ആസുരതാളത്തിന്റെ സൌന്ദര്യ മുണ്ടായിരിക്കണം നൃത്ത താളങ്ങളെ ശരീരകോശങ്ങളില്‍ പേറിയിരുന്ന മൈക്കിള്‍ ജാക്സണ്‍-ന്റെ ചടുലമായ ചുവടു വയ്പ്പുകള്‍ക്ക്. അജ്ഞത കൊണ്ട് ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും . കല സ്വാംശീകരിക്കപ്പെട്ടാലെ സംശുദ്ധമാവുകയുള്ളൂ.

മനുഷ്യ മനസ്സിന്റെ......അല്ല പ്രപഞ്ച മനസ്സിന്റെ തന്നെ എല്ലാ ഭാവങ്ങളെയും ഉള്‍ക്കൊള്ളുന്നവയല്ലേ ഈ നൃത്ത താളങ്ങള്‍? അതിനാല്‍ തന്നെ ഓരോ ഭൂവിഭാഗത്തിനും ഓരോ ജനതക്കും തനതായ ഒരു കല പിറവി കൊള്ളുന്നു. ഓരോ ഭൂവിഭാഗത്തിലും രൂപം കൊള്ളുന്ന സംസ്കാരങ്ങള്‍ക്കും അവിടത്തെ നൃത്ത രൂപങ്ങള്‍ക്കും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നിരിക്കെ, അവയെ സ്വാംശീകരിക്കാതെ ചടുലമായ നൃത്ത താളങ്ങളുടെ , ഭാവ പ്രധാനമല്ലാത്ത ശാരീരിക ചലനങ്ങളുടെ അന്ധമായ അനുകരണങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന നമുക്കിടയിലെ പുതു തലമുറ ആസുരതയുടെ ഋണാത്മകത പേറുന്ന അവതാളങ്ങളിലേക്ക് നയിക്കപ്പെടുന്നുണ്ടോ? ഭയപ്പെടെണ്ടതുണ്ടോ?


                                                    ( 23 ഡിസംബര്‍ 2012 ) 


ലൈക്ക്

No comments:

അഭിപ്രായം എഴുതാം