Tuesday, 14 May 2013

ഒരു വലിയ സൌഹൃദത്തിന്റെ ചെറിയ ഒരു ഓര്‍മ്മക്കുറിപ്പ്‌


Photo  Photo

ഇന്ന് മെയ്‌ 14. ഊട്ടിയിലെ ആശ്രമത്തില്‍ വച്ച് ഗുരു നിത്യ ചൈതന്യ യതി എന്ന എന്റെ വൃദ്ധനായ സ്നേഹിതന്‍ മരണത്തിന്റെ നിത്യതയില്‍ ലയിച്ചിട്ട് ഇന്നേക്ക് പതിനാലു വര്‍ഷം തികയുന്നു. പത്ത്-പതിമൂന്നിലേറെ വര്‍ഷങ്ങള്‍ ഞാന്‍ കൊണ്ട് നടന്ന ഒരു നനുത്ത കൂട്ട്. ആ സൌഹൃദത്തിന്റെ ശാന്തിയിലും സമാധാനത്തിലും കഴിഞ്ഞു പോരവേ മനസ്സ് ധരിച്ചു വശായത് എന്നും എന്റെ ചെറിയ കാര്യങ്ങള്‍ക്ക് കാതോര്‍ക്കാനും മറുപടി പറയാനും ഗുരു അപ്പുറത്ത് ഉണ്ടാവുമെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ എഴുതാന്‍ മോഹിക്കുമ്പോഴെല്ലാം എന്റെ ഏറ്റവും വലിയ ശ്രോതാവില്ലെന്ന അറിവിന്റെ മുന്നില്‍ നരച്ചു പോകുന്നു മനസ്സ്.


കാരണങ്ങളൊന്നുമില്ലാതെ ഒരു വെറും കൌതുകത്തിന്മേല്‍ കത്തുകള്‍ എഴുതിത്തുടങ്ങിയതായിരുന്നു ഞാന്‍. “ നിത്യ “ എന്ന കയ്യൊപ്പോടെ കൃത്യമായി എന്നെ തേടിയെത്തിയ മറുപടികള്‍.. പേജുകളോളം നീണ്ടു പോകാറുള്ള എഴുത്തുകളിലൂടെ ഞാന്‍ ആ വലിയ സ്നേഹിതനോട് പറയാറുള്ളത് മുഴുവന്‍ എന്റെയീ ചെറിയ ലോകത്തെ ചെറിയ കാര്യങ്ങളായിരുന്നല്ലോ- വ്യക്തമായ രൂപങ്ങളില്ലാതിരുന്ന സ്വപ്നങ്ങളും ചിന്തകളും, രാവിലെകളില്‍ ധൃതി പിടിച്ചു കുളത്തിലേക്ക്‌ ഓടുമ്പോള്‍ എന്നെ പിടിച്ചു നിര്‍ത്താറുള്ള പുല്ലില്‍ തങ്ങിയ മഞ്ഞിന്‍ പാളിയിലെ മഴവില്ലിനെ കുറിച്ച്, അമ്മയുടെ വീട്ടിലേക്കുള്ള യാത്രക്കിടയില്‍ പുഴ കടക്കുമ്പോഴെല്ലാം മണല്‍ കാലിന്നടിയില്‍ ഉണ്ടാക്കുന്ന കിരുകിരുപ്പിനെ കുറിച്ച്, ആരോഹണാവരോഹണങ്ങള്‍ അറിയില്ലെങ്കിലും ആഴത്തിലുള്ള ആസ്വാദനമല്ലെങ്കിലും നാട്ടിലെ അമ്പലത്തില്‍ ഉത്സവക്കാലങ്ങളില്‍ മേളത്തിന് മുന്നില്‍ നില്ക്കു മ്പോള്‍ കാലിന്നടിയിലൂടെ മുകളിലേക്ക് അടിവച്ചു കയറുന്ന മേളത്തരിപ്പിനെ കുറിച്ച്, മനസ്സില്‍ നിറയുന്ന ചെറിയ ചെറിയ കുശുമ്പുകളെ കുറിച്ച്..... ദാ നോക്കൂ, നിങ്ങള്‍ ഒരു കസേര വലിച്ചിട്ടു എന്റെ അടുത്തിരുന്നാല്‍ ഞാന്‍ പറഞ്ഞു പോകുമായിരുന്ന ഒരുപാടൊരുപാട് കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍.. ഇടയ്ക്കൊക്കെ ഇല്ലാത്ത ഗൌരവം നടിച്ചു വിധി, കര്‍മ്മഫലംതുടങ്ങി വലിയ വലിയ കാര്യങ്ങള്‍ എഴുതി വലിയവളാകാന്‍ നോക്കാറുണ്ടെന്നതും ഓര്‍ക്കുന്നു ഞാന്‍. ഏതിനും തന്റെ വടിവില്ലാത്ത ചെറിയ അക്ഷരങ്ങളില്‍ സ്നേഹത്തിന്റെ നീരൊഴുക്കി തന്നിരുന്നു എന്റെ വൃദ്ധനായ സ്നേഹിതന്‍


എഴുത്തുകള്‍ എഴുതിത്തുടങ്ങി ഒരു വര്‍ഷം തികയും മുന്പേ. ഞാന്‍ പഠിച്ചു കൊണ്ടിരുന്ന കേരളവര്‍മ്മ കോളേജില്‍ യൂണിയന്‍ ഉദ്ഘാടനത്തിന് വന്നു ഗുരു. “ ഞങ്ങള്‍ രണ്ടാഴ്ച കൂടുമ്പോള്‍ കത്തുകള്‍ കൈമാറുന്ന പ്രിയ സുഹൃത്തുക്കള്‍ എന്ന വലിയ അറിവ്, ആരോടും പറയാതെ വല്ലാത്തൊരു പരിഭ്രമത്തോടെ മനസ്സിലൊതുക്കിപ്പിടിച്ച് തൊട്ടരികിലൂടെ കടന്നു പോയ ഗുരുവിനെ അത്ഭുതത്തോടെ നോക്കിക്കണ്ടതാണ് എന്റെ ആദ്യ കാഴ്ച. പിന്നെ “ മോളുടെ നാലുകെട്ടും, പറമ്പും കുളങ്ങളും, ഗന്ധര്‍വന്‍ പാര്‍ക്കുന്ന ആലും കാണാന്‍ കൊതിച്ചു കൊണ്ട്” എന്നുറക്കെ പറഞ്ഞ്, ആഹ്ലാദത്തിന്റെ ആകാശത്തേക്ക് എന്നെ വലിച്ചെറിഞ്ഞ ഇല്ലത്തേക്കുള്ള ഗുരുവിന്റെ വരവ്. ആ വരവിലായിരുന്നു എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന വലയത്തിലൂടെ പറമ്പിലാകെ ചുറ്റി നടക്കുന്നതിനിടക്ക്, ഗുരു കുട്ടിക്കാലത്ത് മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ താടി കണ്ടു വാശി പിടിച്ച കഥ പറഞ്ഞതും, സുധയ്ക്ക് തണല്‍ മരങ്ങളാകാന്‍ ഈ പറമ്പ് മുഴുവന്‍ ചിന്തകളുടെ വിത്ത് പാകിയിട്ടുണ്ടെന്നു പറഞ്ഞതും. എഴുത്തുകളിലെ എന്റെ ഏറ്റവും വലിയ ശ്രോതാവിന്റെ മുന്നിലെത്തുമ്പോള്‍ ഞാനെന്നും മൌനിയായിരുന്നു. ഓരോ കൂടിക്കാഴ്ച്ചക്കുമവസാനം വെളുത്ത താടി തടവി ഗുരു കൂടെയുള്ളവരോട്‌ പറയുമായിരുന്നു, ഇപ്പൊ ഈ മോള് മനസ്സില്‍ ഓര്‍ത്തത്‌ മുഴുവന്‍ നീണ്ട നീണ്ട എഴുത്തുകളായി എന്നെ തേടി വരും “ എന്ന്.

മൈസൂരില്‍ ബിരുദാനന്തര ബിരുദത്തിനു ചേര്‍ന്ന കാലത്ത് ഗൃഹാതുരത്വത്തിന്റെ ചൂടില്‍ ആവലാതികള്‍ ഒഴിയാത്ത എന്നെ സമാധാനിപ്പിക്കാന്‍ എത്ര തവണ ഓടിയെത്തിയിട്ടുണ്ട് എന്റെ സ്നേഹിതന്‍!! “എന്നെ അപ്പൂപ്പാ എന്ന് വിളിക്കുന്ന ഒരു മോളുണ്ട്‌ മൈസൂരില്‍ “ എന്ന് പറഞ്ഞു റെയര്‍ എര്‍ത്ത് സെന്ററില്‍ ജോലി ചെയ്തിരുന്ന റാണി. ബി. മേനോന്‍ എന്ന റാണിചേച്ചിയെ കൂട്ടാക്കി തന്നതും ഗുരു തന്നെ. എന്നിട്ടും കരഞ്ഞു തളര്‍ന്നു പഠനം മുഴുമിക്കാതെ തിരിച്ചോടി പോന്ന കാലത്ത്, നാട്ടില്‍ വന്ന ഗുരുവിനെ കാണാന്‍ ചെന്നപ്പോള്‍ കഥാകാരി അഷിതയുടെ വീട്ടിലേക്കുള്ള യാത്രയില്‍ എന്നെയും കൂട്ടി അദ്ദേഹം. അഷിതയുടെ വീട്ടില്‍ അന്ന് കൊയ്ത്തു നടക്കുന്ന കാലമായിരുന്നു എന്നിപ്പോഴും ഓര്‍ക്കുന്നു. ചാണകം മെഴുകിയ മുറ്റത്തു മുഴുവന്‍ കറ്റ മെതിക്കലിന്റെ ബഹളം. “ നാട് കാണാതെ വയ്യ എന്നും പറഞ്ഞു പഠനം പൂര്‍ത്തിയാക്കാതെ ഓടിപ്പോന്ന ഈ നമ്പൂരിക്കുട്ടിയുടെ മനസ്സിന്റെ മ്ലാനത മാറ്റാന്‍, മോളുടെ മനോഹരങ്ങളായ കത്തുകള്‍ വീണ്ടും എനിക്ക് കിട്ടാന്‍ ആ കഥ എഴുതുന്ന കൈ കൊണ്ട് ഒരു നുള്ള് കൊടുക്കൂ,” എന്നു അഷിതയോട് പറഞ്ഞ് അപ്പോഴും ചേര്‍ത്തു പിടിച്ചു ഗുരു.

ഊട്ടിയിലെ ഗുരുവിന്റെ ആശ്രമത്തില്‍ വിരുന്നു പോയ കാലത്ത് ഉള്ളി ഞങ്ങള്‍ക്കിഷ്ടമല്ലെന്നു വാശി പിടിച്ചു അടുക്കള ഞങ്ങള്‍, ഞാനും ചേച്ചിമാരും, കൂടി ഏറ്റെടുത്തപ്പോള്‍.. ഉള്ളി തമോഗുണമാണ് അതുകൊണ്ടാണ് ഇവര്‍ക്കിഷ്ടമല്ലാത്തത് എന്ന് പറഞ്ഞു ആ വാശിയെ അംഗീകരിച്ചു ഞങ്ങളുണ്ടാക്കിയ ഭക്ഷണം അതിഗംഭീരം എന്നും പറഞ്ഞു കൂടെ കൂടിയ സ്നേഹിതന്‍, ഒരിക്കല്‍ പാലക്കാട് വച്ച് പ്രസംഗത്തിന് കൂട്ടിക്കൊണ്ടു പോകാന്‍ ഭാരവാഹികള്‍ എത്തിയപ്പോള്‍ മോള് വരുന്നോ എന്ന് ചോദിച്ചു കൂട്ടി കൊണ്ടുപോയി സദസ്സിന്റെ മുന്‍നിരയിലിരുത്തിയ ഗുരു, എഴുത്തുകള്‍ എഴുതാതിരുന്ന നീണ്ട ഒരു ഇടവേളയ്ക്കു ശേഷം, ഞങ്ങളുടെ നാട്ടില്‍ കൂടിയാട്ട ശിബിരം ഉദ്ഘാടനം ചെയ്യാന്‍ വന്ന സമയത്ത് പഴയ അഡ്രസ്സ് തേടിപ്പിടിച്ചു ഇല്ലത്തേക്കു കയറി വന്ന്, പ്ലാസ്റ്റിക്‌ വയര്‍ കൊണ്ട് മെടഞ്ഞ, കമ്പികള്‍ മുഴച്ചു നില്ക്കു ന്ന പഴയ കസേര വലിച്ചിട്ടു അടുത്തിരുന്നു കുറെ വിശേഷ വര്‍ത്തമാനങ്ങള്‍ പറഞ്ഞിറങ്ങിപ്പോയ പ്രിയ സ്നേഹിതന്‍......... എന്റെ മനസ്സിലെ ചില്ലു കൂടിനകത്ത്‌ ഞാന്‍ സൂക്ഷിച്ചു വച്ച ഓര്‍മ്മകള്‍ എടുത്താലും എടുത്താലും തീരാത്തവയല്ലോ!!!!വെളുത്തു നീണ്ട താടിയുള്ള കട്ടിക്കണ്ണടയുള്ള കഷണ്ടിക്കാരന്‍ തടിയന്‍ സുഹൃത്തിനു എന്നും ഞാനല്ലോ ഏറ്റവും അടുത്ത സ്നേഹിത എന്നെന്നെ അഹങ്കാരിയാക്കുമാറ് സ്നേഹിക്കുമായിരുന്നു ഗുരു. സൌഹൃദത്തിന്റെ നനുത്ത സ്നേഹം കൊണ്ട് ഇങ്ങനെ എത്രയെത്ര മനസ്സുകളില്‍ നിറയെ പച്ചപ്പ്‌ കോരിയിട്ടിരിക്കും ഈ മഹാത്മാവ്!!!!

പിന്നീട്, വെള്ളത്തിന്റെ മുകള്‍പരപ്പില്‍ വന്നെത്തിനോക്കുന്ന മത്സ്യങ്ങളെ പോലെ ഉള്ളില്‍ ജീവന്റെ സാന്നിധ്യം അറിയുന്നതിന്റെ അനുഭവം ഞാന്‍ എഴുതിയപ്പോഴായിരുന്നു ഗുരുവിന്റെ ഫോണ്‍ ആദ്യമായി എന്നെ തേടിയെത്തിയത്. ഉള്ളില്‍ കിടക്കുന്ന ജീവന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും അനുഭവമായി പകര്‍ത്തിയെഴുതി വയ്ക്കാന്‍ അന്ന് ഗുരു എന്നോട് പറഞ്ഞു.


ഉള്ളില്‍ കിടന്ന ജീവന്‍ എന്നെയും ലോകത്തെയും നിഷേധിച്ചു കടന്നു പോയത് ഉള്‍ക്കൊള്ളാനാവാതെ ആശുപത്രിക്കിടക്കയിലിരുന്നു ഉ രുകുമ്പോഴായിരുന്നു പിന്നെ ഞാന്‍ ഗുരുവിനെഴുതിയത് ഒന്ന് കാണണമെന്ന്...അപ്പോഴേക്കും ഗുരു പക്ഷാഘാതം വന്നു കിടപ്പിലായിപ്പോയിരുന്നു . ശയ്യാവലംബിയായി കിടക്കുമ്പോഴും ജനലിലൂടെ പുറത്തു നില്ക്കു ന്ന ചെമ്പരത്തിപ്പൂവിന്റെ ആട്ടം കാണാനാവുന്നു എന്ന് എന്റെ സ്നേഹിതന്‍ മറുപടിയെഴുതി. എനിക്കൊന്നും കാണാനാകുന്നില്ലല്ലോ എന്ന ആവലാതി നിറഞ്ഞ എന്റെ കത്തിന് പിന്നെ ഗുരുവിന്റെ മറുപടി എന്നെ തേടിയെത്തിയില്ല. പിന്നീട് കണ്ണീരിന്റെ പാട മാറ്റി കാഴ്ചകളെല്ലാം കാണാന്‍ തുടങ്ങിയപ്പോഴേക്കും എന്റെയാ സൌഹൃദ വന്മരം ഇലപൊഴിച്ചു മരണത്തിന്റെ നിത്യതയില്‍ ലയിച്ചു കഴിഞ്ഞിരുന്നു.


ഇപ്പോള്‍ എന്റെയീ ജീവിതപാതയില്‍ വെയില്‍ വല്ലാതെ മൂക്കുമ്പോള്‍ ഉള്ളിലിരുന്നു ഗുരു ഓര്‍മ്മിപ്പിക്കും എനിക്ക് വേണ്ടി വിതച്ചിട്ട ചിന്തകളുടെ തണല്‍മരങ്ങളെ കുറിച്ച്. അവിടെ ചെമ്പരത്തിപ്പൂക്കള്‍ ആടുന്നത് ഞാന്‍ കാണുന്നു, ഒന്നല്ല ഒരായിരം

                                                                               
ലൈക്ക്

No comments:

അഭിപ്രായം എഴുതാം