Wednesday, 13 August 2014

മനസ്സിന്റെ അപനിര്‍മ്മിതികളും സമൂഹവും

കേട്ടാല്‍ വളരെ നിരുപദ്രവമെന്ന് തോന്നുന്ന നമ്മുടെ മനസ്സിന്റെ ചില അപനിര്‍മ്മിതികളെ കുറിച്ചുള്ള സംസാരങ്ങളിലേക്ക് എത്തിപ്പെട്ടത് ആകസ്മികമായിട്ടായിരുന്നു.

ഡിസ്ക്കവറി ചാനലില്‍ ചായ നിര്‍മ്മാണത്തെ കുറിച്ചുള്ള പ്രോഗ്രാം കണ്ടു കൊണ്ടിരിക്കുമ്പോഴായിരുന്നു ഞങ്ങള്‍ക്കിടയില്‍ വളരെ വില പിടിച്ച ഒരു കാപ്പിപ്പൊടി നിര്‍മ്മാണത്തെ കുറിച്ച് കേട്ട കൌതുകകരമായ കഥ തര്‍ക്കവിഷയമായത്.  കേട്ടത് എവിടെ നിന്ന്, എപ്പോള്‍, എങ്ങനെ എന്നിങ്ങനെ ഒട്ടും പ്രാധാന്യമില്ലാത്ത വിഷയങ്ങളിന്മേല്‍ ആയിരുന്നു തര്‍ക്കം. ടി.വി.യില്‍ നിന്നെന്നു ഒരു പക്ഷവും നാട്ടില്‍ വച്ച് പറഞ്ഞു കേട്ടതെന്നു മറുപക്ഷവും. പിന്നെ സമയം, സന്ദര്‍ഭം, പറഞ്ഞ ആള്‍ ഇങ്ങനെയെല്ലാം നിരത്തി വച്ച് ഓര്‍മ്മകളെ ഒന്ന് കുടഞ്ഞപ്പോള്‍ ടി.വി.യില്‍ നിന്നെന്നു വാദിച്ച എനിക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു. പറഞ്ഞുകേട്ട കാര്യങ്ങളെ ഇങ്ങനെ തെളിമയുള്ള ദൃശ്യങ്ങളാക്കിയ മനസ്സിന്റെ വികൃതി അമ്പരപ്പിക്കുകയും അസ്വസ്ഥയാക്കുകയും ചെയ്തിരുന്നു അന്ന്. മനസ്സിന്റെ ഈ തോന്ന്യാസം ഈയൊരു കാര്യത്തില്‍ നിരുപദ്രവമെങ്കിലും എല്ലായ്പ്പോഴും അങ്ങനെയാവില്ലെന്ന അറിവിന്റെ പിടച്ചിലായിരുന്നു ആ അസ്വസ്ഥത. ചെറുതെങ്കിലും ഈ ഭ്രമാത്മകത മാനസിക ദൌര്‍ബല്യമെന്ന അറിവ് എന്നെ ആകുലപ്പെടുത്തിയിരുന്നു.

കേട്ട കഥ വളരെ സൌകര്യപ്രദമായ ഒന്നിലേക്ക് ഇനിയൊരു കഥാകഥനത്തിന് ഉതകുന്ന വിധത്തില്‍ കൂട്ടിയിണക്കുക, കേട്ട കാര്യങ്ങളെ സ്വന്തം അനുഭവങ്ങളായി തോന്നുകയും അത് സ്വാനുഭവങ്ങളായിത്തന്നെ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കുകയും ചെയ്യുക, പുതുതായ കല്പനകളിലും വസ്തുതകളിലും ഭ്രമിച്ചു പോകുമ്പോള്‍ പഴയ യാഥാര്‍ഥ്യങ്ങളുടെ സ്മരണകള്‍ പൊടി പിടിച്ചു പോകുക എന്നിങ്ങനെ മനസ്സിന്റെ ഇത്തരം വികൃതികള്‍ നിറഞ്ഞ, കണ്ടതും കേട്ടതുമായ കഥകളുടെ പൊതിയഴിക്കലായി പിന്നെ. സമൂഹമനസ്സിന്റെ അത്തരം അപനിര്‍മ്മിതികളുടെ ഇരയായ “തനിയാവര്‍ത്തന”ത്തിലെ നായകനും, ഇത്തരം  അപനിര്‍മ്മിതികളെ സ്വന്തം സ്വാര്‍ഥതാല്പര്യങ്ങള്‍ക്ക് ഉപയോഗിച്ചു ജയിക്കുന്ന Triacharithra “ എന്ന ഹിന്ദി സിനിമയിലെ വില്ലനായ നായകനും ചര്‍ച്ചകളില്‍ കടന്നു വന്നു. അതൊരു പഠനമായിരുന്നു, സ്വന്തം മനസ്സ് ഭ്രമാത്മകതയുടെ വലകളില്‍  കുരുങ്ങാതെ ഓരോ നിമിഷവും ജാഗരൂകമാവേണ്ടതിന്റെ ഒരു പഠനം. 

ബാല്യകാലം മുതല്‍ക്കേ നമ്മുടെ കൂടെയുണ്ട് ഈ ഭ്രമാത്മകത. ദൈവങ്ങളെക്കാള്‍ വിശ്വസിച്ചിരുന്നു പ്രേതങ്ങളെ. ഇല്ലത്തിനകത്ത് അറിയാതെ വന്നു പെടുന്ന പാമ്പിനെ കണ്ടാല്‍ “പൊയ്ക്കോ, നിനക്ക് വഴി തെറ്റീതാണ്, പൊയ്ക്കോ..” എന്ന് മുത്തശ്ശി പറഞ്ഞാല്‍ കേള്‍ക്കാത്ത പാമ്പുകളില്ലെന്നു തന്നെയായിരുന്നു വിശ്വാസം. കുറേക്കൂടി മുതിര്‍ന്നപ്പോള്‍ കഥകളിലെ ഭ്രമാത്മകത യാഥാര്‍ഥ്യത്തോട് ചേര്‍ത്തു വയ്ക്കാന്‍ തുടങ്ങി. അവയിലൊന്നാണ് വെണ്ണ ഉരുക്കുന്നതെങ്ങനെ എന്നതിനുള്ള മുത്തശ്ശിക്കഥ.” അത് സുധേ, ഒരു വിഷമോല്യ.. വെണ്ണ അടുപ്പത്ത് വച്ചാ ആദ്യം ഒന്ന് പതയും, പിന്നെ അത് കൃഷ്ണ കൃഷ്ണാ ന്നു പൊട്ടാന്‍ തുടങ്ങും അപ്പൊ തീ കെടുത്താം”.. എത്ര എളുപ്പമായി വെണ്ണ ഉരുക്കല്‍ !!!! ഇത്തരം ഓരോ കഥയും വിശ്വാസത്തിന്റെ അദൃശ്യമായ ചങ്ങലക്കെട്ടുകള്‍ കൊണ്ട് പൂട്ടിയിടുന്നുണ്ട് നമ്മുടെ ചിന്താശേഷികളെ.  

പിന്നെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നവരോടൊക്കെ തല്ലിട്ടും, ആചാരങ്ങളെ സ്നേഹിച്ചും, എന്നിട്ടും ഉള്ളില്‍ ഭക്തി തോന്നാത്തതില്‍ സങ്കടപ്പെട്ടും കഴിഞ്ഞിരുന്ന  ഡിഗ്രി കാലഘട്ടവും കടന്ന്, പാലക്കാട് ഒരു ചെറിയ പഠനത്തിനായി എത്തിയ സമയത്താണ് ഇല്ലാത്ത ഭക്തിയെ താങ്ങുന്ന മനസ്സിനെ മടുത്തു തുടങ്ങിയത്. ഞാന്‍ താമസിച്ചിരുന്ന ബന്ധുവീട്ടിലെ ഗൌരിയേടത്തിയുടെ സഹായത്തോടെ അതില്‍ നിന്ന് ഉറയൂരാന്‍ തുടങ്ങിയതും, അക്കാലത്ത് തന്നെ. ഉത്സാഹിയായ ആ ഏടത്തിയുടെ കൂടെ കണ്ടതും കേട്ടതും വിമര്‍ശിച്ചും, പരിഹസിച്ചും, സ്നേഹി ച്ചും പാലക്കാട് മുഴുവന്‍ കറങ്ങി നടന്നു. ഒരിക്കല്‍ ഒരു കൂട്ടം സായിഭക്തരുടെ കൂടെ ഒരു വിളക്കു പൂജയ്ക്ക് പോയതോര്‍മയുണ്ട്. അവര്‍ ചെയ്യുന്നതെല്ലാം ആ വര്‍ത്തിച്ച്, അവര്‍ തന്ന ഭക്ഷണവും വയറു നിറച്ചു കഴിച്ച്, തിരിച്ചു വരും വഴി മുഴുവന്‍ അവിടെ പറഞ്ഞു കേട്ട കഥകളിലെ അസംബന്ധങ്ങള്‍ വീണ്ടും വീണ്ടും പറഞ്ഞു ആര്‍ത്തു ചിരിച്ച ആ ദിവസം രാത്രി സായിബാബ ആജാനുബാഹുവായി,  ക്രുദ്ധനായി എന്റെ സ്വപ്നത്തില്‍ വന്നു. ഈ സ്വപ്നം ഉള്ളില്‍ അ വശേഷിക്കുന്ന ഭയത്തിന്റെ സൃഷ്ടിയാണെന്നും, മനസ്സില്‍ ഇടം പിടിക്കുന്ന യുക്തി രഹിതമായ ഇത്തരം ഭയങ്ങളെ കയ്യൊഴിയേണ്ടതുണ്ടെന്നും ഉള്ള ബോധം ശക്തമായത്‌ അന്നാണ് 

പ്രശസ്ത മജീഷ്യനായിരുന്ന പ്രൊഫസര്‍ വാഴക്കുന്നം ഒരിക്കല്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്, “ ഞാനൊരു ചെറിയ മജീഷ്യന്‍ എങ്കില്‍, സായിബാബ ഒരു വലിയ മജീഷ്യനാണ്‌” എന്ന്. സായിബാബയുടെ അത്ഭുതകഥകളുടെ എക്കാലത്തെയും മേമ്പൊടിയാണ് വായുവില്‍ നിന്നെടുക്കുന്ന ഭസ്മം. പ്രൊഫ. വാഴക്കുന്നത്തിന്റെ മാജിക്, മാജിക് ആണെന്ന് അറിഞ്ഞു കൊണ്ട് ആസ്വദിക്കുന്നതിനാല്‍ അത് കൌതുകവും അത്ഭുതവും ആണ് സൃഷ്ടിക്കുക. എന്നാല്‍ സായിബാബയെ മാജിക്, ദൈവമാക്കുന്നു. വെണ്ണ ഉരുകുമ്പോള്‍ പൊട്ടുന്നത് കൃഷ്ണാ എന്നാണെന്ന ഭാവനയെ സ്നേഹിക്കാം. എന്നാല്‍ വെണ്ണ, കൃഷ്ണാ എന്ന് ഉരുവിട്ടുരുകുകയാണെന്ന് വിശ്വസിക്കാന്‍  തുടങ്ങിയാല്‍ അവിടെ യുക്തി തോല്‍ക്കുന്നു.
ഇങ്ങനെ യുക്തിക്കും വിശ്വാസത്തിനും ഇടയില്‍ ഊയലാടി വളരുമ്പോള്‍, യുക്തിയെ കൂട്ടുപിടിക്കാനല്ല മറിച്ച് ചോദ്യങ്ങളൊന്നും വേണ്ടാത്ത, ഉത്തരവാദിത്തങ്ങളില്ലാത്ത വെറും വിധേയത്വത്തിന്റെ ഭാഷ മാത്രമുള്ള വിശ്വാസങ്ങളെ മുറുകെ പിടിക്കാനാണ് എളുപ്പമാവുക.

പണ്ട് മാതൃഭൂമി ബാലപംക്തിയില്‍ വായിച്ച വരികള്‍ ഓര്‍ക്കാന്‍ ശ്രമിക്കട്ടെ 
“ ഞാനെന്റെ വിഘ്നം
 ഗണപതിക്ക്‌ കൊടുത്തു,
 വിദ്യ സരസ്വതിക്ക് ,
 ഭയം അര്‍ജ്ജുനന്
 .........................
 അങ്ങനെ ഞാന്‍ സ്വതന്ത്രനായി
(മുഴുവന്‍ വരികളും ഓര്‍മ്മയില്ല)

ഈ എളുപ്പമാകല്‍, നിരന്തരമായ പ്രക്രിയയാവുമ്പോള്‍, അത് മനസ്സിന്റെ സ്വഭാ വമായി മാറുന്നു. പിന്നെ അധികാരത്തിനു അധീശത്വം സ്ഥാപിക്കല്‍ എളുപ്പമായി, വരിഞ്ഞുമുറുകിയ വലകളില്‍ കുരുങ്ങിയ ഇരകളായി.

സിനിമ കാണുമ്പോഴോ പുരാണകഥകള്‍ കേള്‍ക്കുമ്പോഴോ ഉള്ള ഭ്രമകല്‍പ്പനകള്‍ ആ നേരത്തേക്ക് മാത്രമുള്ളതാണ്, അത് കഴിഞ്ഞാല്‍ വിട്ടു പോകുന്നവ. പക്ഷെ ചില കാര്യങ്ങള്‍ നനവുള്ള പ്രതലത്തില്‍ ഒട്ടിപ്പിടിക്കുന്ന പൊടി പോലെ ദുര്‍ബലമായ മനസ്സുകളില്‍ പറ്റിപ്പിടിക്കുന്നുണ്ടാകും. അത്തരം ഇടങ്ങളില്‍ കേറിക്കളി ക്കുന്നവരാണ് സകല ആള്‍ദൈവങ്ങളും പൊങ്കാല ഭഗവതിമാരും എല്ലാ മതസംഘടനകളും. ആളുകളെ ഭ്രമകല്പനകള്‍ക്കടിമകളാക്കി, വന്‍തോതില്‍ മാനസിക രോഗികളാക്കുന്ന കമ്പോള ആത്മീയതയുടെ വക്താക്കളാണ് ഇവരെല്ലാം.(ഈ വാക്കിന് ഡോ.പി.എസ്.ശ്രീകലയോട് കടപ്പാട്) -പൊങ്കാല എന്ന് കേട്ടാല്‍ എന്റെയുള്ളില്‍ അടുപ്പില്‍ നിന്ന് സാരിയിലേക്ക് പടരുന്ന തീയും, കരിഞ്ഞു പോയ ഒരു പെണ്‍ജീവിതവുമാണ് ഓര്‍മ്മയില്‍ വരിക.. അതിനാല്‍ പൊങ്കാലയടുപ്പുകളും ജനത്തിരക്കും, പുകയും എന്നും വെറുപ്പിക്കുന്നു.-
സമൂഹമനസ്സിന്റെ ഇത്തരം അപനിര്‍മ്മിതികളിലൂടെ രൂപപ്പെട്ടതാണ് ഇന്നത്തെ സ്ത്രീകളുടെ അവസ്ഥ. ഈ അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പുറകെ പോകുന്ന സമൂഹം തന്നെയാണ് സ്ത്രീ വിരുദ്ധതയുടെ കൃഷിയിടവും. സാധാരണ ജീവിതത്തില്‍ നിന്ന് ഇഴപിരിച്ചു വേര്‍തിരിച്ചെടുക്കാന്‍ ആവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്ന സ്വഭാവമായിരിക്കുന്നു ഇന്ന് സ്ത്രീവിരുദ്ധത. അതുകൊണ്ട് തന്നെയാണ് സ്ത്രീ സ്വാതന്ത്ര്യം എന്ന് പറഞ്ഞു പോകുമ്പോഴേക്കും ഒരാള്‍ കൂട്ടത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നത്.

ബാല്യം മുതല്‍ സമൂഹത്തിനു നിരക്കുന്നത് എന്ന പേരില്‍ ഒരു പെണ്‍കുട്ടിയില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ശീലങ്ങള്‍ തീര്‍ക്കുന്ന മതിലുകള്‍ക്കുള്ളില്‍ കുരുങ്ങിപ്പോകുന്ന ഓരോ പെണ്‍ജന്മത്തിനും സംഘട്ടനം നടത്തേണ്ടത് രണ്ടു തരത്തിലാണ്.

1) അവനവനോടും (അവളവളോടും) 2) സമൂഹത്തോടും. തനിക്കു ചുറ്റും വേലികള്‍ തീര്‍ക്കുന്നത് വിശ്വാസങ്ങളാണോ സമൂഹമാണോ അതോ അവനവന്‍ തന്നെയാണോ എന്നത് എപ്പോഴും ചോദിച്ചു കൊണ്ടേയിരിക്കേണ്ടി വരുന്നുണ്ട് ഓരോ സ്ത്രീ മനസ്സിനും. കേട്ടു പോരുന്നതും അനുഭവിച്ചു പോരുന്നതുമാണ് സത്യം എന്ന് ഊട്ടിയുറപ്പിക്കാന്‍ പാകത്തിന് എത്രയോ കാലങ്ങളായി ഒരേ വാചകങ്ങള്‍ തന്നെയാണ് സമൂഹം സ്ത്രീകളോട് ആവര്‍ത്തിച്ച്‌ കൊണ്ടിരിക്കുന്നത്, ഒരേ നിലപാടുകളില്‍ തന്നെയാണ് മാറ്റമില്ലാതെ. മാറ്റം വന്നത് സ്ത്രീകളുടെ സംഘട്ടനങ്ങള്‍ക്കാണ്, വീടിനു പുറത്തുള്ള വിശാലതയിലേക്ക് മാറിയിരിക്കുന്നു വേദി. സ്ത്രീ വിരുദ്ധതയും ഫെമിനിസവും വില കുറഞ്ഞ വാക്കുകളാവുന്നു എന്ന് പറയുന്നവരോട്, പ്രസക്തി നഷ്ടപ്പെടാത്ത അതേ ആശയങ്ങളുടെ കരുത്തില്‍ എന്നും പട വെട്ടേണ്ടതുണ്ട് എന്നതാണെന്റെ ചിന്ത.    

സ്വാതന്ത്ര്യത്തിന്റെ പാതയില്‍ തടസ്സം സൃഷ്ടിക്കുന്ന മതില്‍ക്കെട്ടുകള്‍ മറികടന്ന് തനിക്കുള്ള ഇടം വലുതാക്കാനുള്ള ഒരു അവബോധത്തിലേക്ക് വളരാന്‍ ഒരു സ്ത്രീയെയും അനുവദിക്കാതിരിക്കാനുള്ള സംഘടിത ശ്രമങ്ങള്‍ തന്നെയാണ് ഇന്നും നടക്കുന്നത്. സമൂഹം കല്‍പ്പിച്ചു തരുന്ന ഇടങ്ങളില്‍ കയറിപ്പറ്റുകയല്ല, കൃത്യമായ അവബോധത്തോടെ തന്റേതായ ഒരിടം സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കുകയാണ് ഓരോ സ്ത്രീയും ചെയ്യേണ്ടത് എന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ സ്ത്രീകള്‍ സുരക്ഷിതത്വം തേടുകയല്ല പകരം അരക്ഷിതത്വത്തെ ഭയമില്ലാതെ നേരിടുവാന്‍ ഉള്ള കരുത്താര്‍ജ്ജിക്കയാണ് വേണ്ടതെന്നും ഞാന്‍ വിശ്വസിക്കുന്നു .

-1955- ഇല്‍ എന്റെ അമ്മ പഠിച്ച മലയാളം പാഠപുസ്തകത്തിലെ ഒരു പാഠമുണ്ട്‌ “മനുവും സ്ത്രീകളും”.ആര്‍. ഈശ്വരപ്പിള്ളയുടെതാണ് ആ പഠനം .
“സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാത്ത ഒരു സമുദായം പക്ഷവാതം പിടിപ്പെട്ട ഒരു മനുഷ്യനെ പോലെ ശരീരത്തിന്റെ ഒരു വശം തളര്‍ന്നു പ്രവൃത്തി ശക്തിയില്ലാതെ വര്‍ത്തിക്കുന്നു” എന്നും “ലോകരും ലോകവും ലോകകാര്യങ്ങളും ഒരേനിലയില്‍ എന്നും ഇരിക്കുന്നില്ല” എന്നും അദ്ദേഹം പറയുന്നു.

ഇന്നും ആണും പെണ്ണും തുല്യരല്ല എന്നും ആണിന് പ്രകൃതി തന്നെ മേല്‍ക്കോയ്മ കൊടുത്തിട്ടുണ്ടെന്നും, ഇന്നത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കൊക്കെ ഒരളവു വരെ സ്ത്രീകള്‍ തന്നെയാണ് കാരണം എന്നുമെല്ലാം വാദിക്കുന്ന എല്ലാ ആണ്‍-പെണ്‍ പ്രജകളും വായിക്കേണ്ട ഒരു പാഠഭാഗമാണ് അത്.

ഈ പാഠം അന്നത്തെ മാഷ്‌ എങ്ങനെ പഠിപ്പിച്ചു എന്ന് ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞത്, അന്ന് മലയാളം പണ്ഡിറ്റ്‌ അതൊന്നും ശരിയല്ല എന്ന രീതിയിലാണ് പറഞ്ഞു തന്നത് എന്നാണ്. പാഠഭാഗങ്ങള്‍ അന്നും ഇന്നും വേണ്ടവര്‍ക്ക് വേണ്ട പോലെ-


അതുകൊണ്ട് ഒരു നല്ല സമൂഹത്തിന്റെ സൃഷ്ടിക്ക്,  മനസ്സിന്റെ അപനിര്‍മ്മിതികള്‍ കൊണ്ട് നെയ്തെടുക്കുന്ന ആദര്‍ശത്തിന്റെയും വിശ്വാസങ്ങളുടെയും വലക്കണ്ണികളില്‍ കുരുങ്ങാത്ത, തികഞ്ഞ ശാസ്ത്രീയ അവബോധത്തിന്റെ വക്താക്കളായിത്തന്നെ വേണം അടുത്ത തലമുറ വളര്‍ന്നു വരേണ്ടത്. അതിനായി അവരെ സജ്ജരാക്കുക എന്നതാവട്ടെ നമ്മുടെ ലക്‌ഷ്യം    


ലൈക്ക്

12 comments:

 1. നല്ല ലേഖനം!

  ReplyDelete
  Replies
  1. ഒരുപാട് സന്തോഷം.. ഇതൊരു സജീവമായ ചര്‍ച്ചയ്ക്ക് വഴിയൊരുക്കണം എന്നാണെന്റെ മോഹം

   Delete
 2. "യുക്തിക്കും വിശ്വാസത്തിനും ഇടയില്‍ ഊയലാടി വളരുമ്പോള്‍, യുക്തിയെ കൂട്ടുപിടിക്കാനല്ല മറിച്ച് ചോദ്യങ്ങളൊന്നും വേണ്ടാത്ത, ഉത്തരവാദിത്തങ്ങളില്ലാത്ത വെറും വിധേയത്വത്തിന്റെ ഭാഷ മാത്രമുള്ള വിശ്വാസങ്ങളെ മുറുകെ പിടിക്കാനാണ് എളുപ്പമാവുക...." നന്നായി എഴുതിട്ടോ

  ReplyDelete
  Replies
  1. സന്തോഷം mubi..........ഒരു ചര്‍ച്ചക്ക് വഴിയൊരുങ്ങട്ടെ, ഒന്ന് മാറി ചിന്തിക്കാന്‍ പ്രേരകമാവട്ടെ എന്ന ഒരു അതിമോഹമുണ്ടെനിക്ക്

   Delete
 3. സുരക്ഷിതത്വം തേടുകയല്ല പകരം അരക്ഷിതത്വത്തെ ഭയമില്ലാതെ നേരിടുവാന്‍ ഉള്ള കരുത്താര്‍ജ്ജിക്കയാണ് വേണ്ടതെന്നും ഞാന്‍ വിശ്വസിക്കുന്നു .

  കാര്യമായ അനുഭവങ്ങള്‍ നേരിടാത്തവര്‍ എപ്പോഴും സുരക്ഷിതമായ ഒരു അവനവജീവിത സങ്കല്‍പത്തില്‍ ജീവിച്ച് മറ്റെല്ലാത്തിനേയും ഒരു പാര്‍ശ്വ ചിന്ത മാത്രമാക്കി കൊണ്ടുനടക്കാന്‍ ആഗ്രഹിക്കുന്നവരാണ് എന്നൊരു കുഴപ്പം നന്നായി നിലനില്‍ക്കുന്നത് അവസാനിക്കെണ്ടിയിരിക്കുന്നു.
  നല്ല ലേഖനം.

  ReplyDelete
  Replies
  1. അതേ, എല്ലായ്പ്പോഴും സുരക്ഷിതരാണ്‌ എന്ന സ്വപ്നലോകത്ത് ജീവിക്കുന്നവരാണ് നമ്മളെല്ലാവരും... അതുകൊണ്ട് തന്നെ കരുത്തില്ലാത്തവരും.

   Delete
 4. എലിസബത്ത് ലോഫ്റ്റസിന്റെ "The Fiction of Memory" എന്ന പ്രബന്ധം ഓർത്തുപോയി.
  സമയം അനുവദിച്ചാൽ എന്റെ ഈ ചെറിയ novelette വായിച്ച് അഭിപ്രായം പറയണം. നന്ദി!
  http://theeyattam.blogspot.com

  ReplyDelete
  Replies
  1. തീര്‍ച്ചയായും വായിക്കാം

   Delete
 5. നല്ലൊരു ലേഖനം.വിശ്വാസം പലപ്പോഴും ഒരു ഒളിചോട്ടമോ രക്ഷ്പെടലോ ഒക്കെയായി മാറുന്നു.
  ലേഖനത്തില്‍ പറഞ്ഞ പോലെ മനസ്സ് ഭ്രമാത്മകതയുടെ വലകളില്‍ കുരുങ്ങാതെ ഓരോ നിമിഷവും ജാഗരൂകമാവേണ്ടതിന്റെ ആവശ്യകത ഇതൊരു വ്യക്തിയിലും ഉണ്ടാകേണ്ടിയിരിക്കുന്നു.

  ReplyDelete
  Replies
  1. സന്തോഷം സാജന്‍. ഇങ്ങനെ അഭിപ്രായം പറഞ്ഞാല്‍ പോരാ.. ഇതൊരു ചര്‍ച്ചയ്ക്കുള്ള വേദിയാക്കൂ

   Delete
 6. "ഒരു നല്ല സമൂഹത്തിന്റെ സൃഷ്ടിക്ക്, മനസ്സിന്റെ അപനിര്‍മ്മിതികള്‍ കൊണ്ട് നെയ്തെടുക്കുന്ന ആദര്‍ശത്തിന്റെയും വിശ്വാസങ്ങളുടെയും വലക്കണ്ണികളില്‍ കുരുങ്ങാത്ത, തികഞ്ഞ ശാസ്ത്രീയ അവബോധത്തിന്റെ വക്താക്കളായിത്തന്നെ വേണം അടുത്ത തലമുറ വളര്‍ന്നു വരേണ്ടത്. അതിനായി അവരെ സജ്ജരാക്കുക എന്നതാവട്ടെ നമ്മുടെ ലക്‌ഷ്യം."
  കാലികപ്രസക്തമായ ചിന്തകള്‍. ആശംസകള്‍..

  ReplyDelete
  Replies
  1. ഒരുപാട് സന്തോഷം സുധീര്‍ ദാസ്‌ ..

   Delete